ഇടുക്കി: കനത്ത മഴയെ തുടർന്ന് കൊച്ചി–ധനുഷ്കോടി ദേശീയപാതയിലെ ചില ഭാഗങ്ങളിൽ മണ്ണിടിച്ചിൽ സാധ്യത വർധിച്ചതിനാൽ, മൂന്നാറിലേക്കുള്ള വിനോദയാത്രകൾ പരമാവധി ഒഴിവാക്കണമെന്ന് ഇടുക്കി ജില്ലാ കളക്ടർ അഭ്യർഥിച്ചു.
മണ്ണിടിച്ചിലിനെ തുടർന്ന് മൂന്നാർ സി.എസ്.ഐ. പള്ളിക്ക് സമീപം ദേശീയപാതയിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ ദിവസമുണ്ടായ മണ്ണിടിച്ചിലിനെ തുടർന്ന് സമീപത്തെ ഒരു കെട്ടിടത്തിൽ വിള്ളൽ രൂപപ്പെട്ടതോടെ അവിടെ താമസിച്ചിരുന്നവരെ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റി.
കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ദേശീയപാത നിർമാണം നടക്കുന്ന മേഖലകളിൽ കൂടുതൽ മണ്ണിടിച്ചിലിനും അപകടങ്ങൾക്കും സാധ്യതയുണ്ടെന്ന് ജില്ലാ ഭരണകൂടം മുന്നറിയിപ്പ് നൽകി. അതിനാൽ ഈ റോഡ് വഴിയുള്ള യാത്രകൾ, പ്രത്യേകിച്ച് വിനോദസഞ്ചാരികൾ, അത്യാവശ്യമായില്ലെങ്കിൽ ഒഴിവാക്കണമെന്ന് അധികൃതർ നിർദേശിച്ചു.
പ്രദേശത്ത് ഗതാഗത നിയന്ത്രണങ്ങൾ കാര്യക്ഷമമായി നടപ്പാക്കുന്നതിനായി പോലീസ്, മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ട്. അപകടസാധ്യത കൂടുതലുള്ള ഭാഗങ്ങളിൽ മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കാനും നിർദേശം നൽകിയിട്ടുണ്ട്.
മണ്ണിടിച്ചിൽ സാധ്യതയും മറ്റ് ദുരന്തസാധ്യതകളും വിലയിരുത്തുന്നതിനായി ദുരന്തനിവാരണ അതോറിറ്റിയുടെ ഹസാർഡ് അനലിസ്റ്റിനെ സ്ഥലത്തെത്തി പരിശോധന നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ ചുമതലപ്പെടുത്തിയതായി ജില്ലാ കളക്ടർ അറിയിച്ചു.



