മലിനജലം തോടുകളിലേക്കും പൊതുസ്ഥലങ്ങളിലേക്കും ഒഴുക്കൽ: കർശന നടപടിയുമായി കുമളി പഞ്ചായത്ത്

1 Min Read

കുമളി: വീടുകളിൽ നിന്നും വിവിധ സ്ഥാപനങ്ങളിൽ നിന്നും പൊതുസ്ഥലങ്ങളിലേക്കും തോടുകളിലേക്കും അനധികൃതമായി മലിനജലം ഒഴുക്കുന്നവർക്കെതിരെ ശക്തമായ നടപടിയുമായി കുമളി പഞ്ചായത്ത് രംഗത്ത്.

പലതവണ മുന്നറിയിപ്പുകൾ നൽകിയിട്ടും ബന്ധപ്പെട്ടവർ ആവശ്യമായ നടപടികൾ സ്വീകരിക്കാത്ത സാഹചര്യത്തിലാണ് പഞ്ചായത്ത് നിയമനടപടികൾ ആരംഭിച്ചത്. ഇതിന്റെ ഭാഗമായി ആനവച്ചാൽ പാർക്കിങ് ഗ്രൗണ്ടിന് സമീപമുള്ള ഓടയിലേക്ക് മലിനജലം ഒഴുക്കാൻ ഉപയോഗിച്ചിരുന്ന 16 പൈപ്പുകൾ പഞ്ചായത്ത് അധികൃതർ അടച്ചുപൂട്ടി.

പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തിൽ ഭരണസമിതി അംഗങ്ങളും സെക്രട്ടറിയും മറ്റ് ഉദ്യോഗസ്ഥരും പങ്കെടുത്ത പരിശോധനയിലാണ് നടപടി സ്വീകരിച്ചത്. കുമളി മേഖലയിലെ പൊതുഓടകളിലൂടെ ഒഴുകുന്ന മലിനജലം ഒടുവിൽ പെരിയാർ കടുവ സങ്കേതത്തിലേക്ക് എത്തുന്നതായി കണ്ടെത്തിയിട്ടുണ്ട്.

മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലം ഉപയോഗിക്കുന്ന തമിഴ്നാട് ജനങ്ങൾക്ക് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകാമെന്ന ആശങ്കയെ തുടർന്ന് പ്രശ്നത്തിൽ ഇടപെടണമെന്ന് ആവശ്യപ്പെട്ട് തമിഴ്നാട് കേരളത്തിന് കത്തും നൽകിയിരുന്നു.

തുടർന്ന് ജില്ലാ കളക്ടറുടെ അധ്യക്ഷതയിൽ ഏപ്രിൽ 30-ന് ചേർന്ന യോഗത്തിൽ മാലിന്യനിക്ഷേപം തടയാൻ കർശന നടപടികൾ സ്വീകരിക്കാൻ തീരുമാനിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോൾ പഞ്ചായത്ത് നടപടികൾ ശക്തമാക്കുന്നത്.

മലിനജല ശുദ്ധീകരണ സംവിധാനം ഇല്ലാതെ പ്രവർത്തിക്കുന്ന ഹോട്ടലുകൾ, ഹോംസ്റ്റേകൾ, മറ്റ് വാണിജ്യ സ്ഥാപനങ്ങൾ എന്നിവർക്കെതിരെയും ശക്തമായ നടപടി സ്വീകരിക്കുമെന്ന് പഞ്ചായത്ത് അറിയിച്ചു. നിയമലംഘനം കണ്ടെത്തുന്ന പക്ഷം കേരള പഞ്ചായത്ത് രാജ് നിയമപ്രകാരം വലിയ തുക പിഴ ഈടാക്കുകയും ലൈസൻസ് റദ്ദാക്കുകയും ചെയ്യാം.

വീടുകളും സ്ഥാപനങ്ങളും സോക് പിറ്റുകളോ മറ്റ് ശാസ്ത്രീയ സംസ്കരണ സംവിധാനങ്ങളോ ഒരുക്കി മലിനജലം ശരിയായ രീതിയിൽ സംസ്കരിക്കണമെന്ന് നിർദേശം നൽകിയിട്ടുണ്ട്.

രാത്രികാലങ്ങളിൽ രഹസ്യമായി മലിനജലം ഒഴുക്കുന്നത് തടയുന്നതിനായി പ്രത്യേക സ്ക്വാഡുകളെ നിയോഗിച്ച് പരിശോധനയും നിരീക്ഷണവും ശക്തമാക്കിയിട്ടുണ്ട്.


Get Latest News Updates – Join Our WhatsApp Group

പുതിയ വാർത്തകളും അപ്‌ഡേറ്റുകളും ലഭിക്കാൻ ഇടുക്കി ലൗഡ് ന്യൂസ്‌ WhatsApp ഗ്രൂപ്പിൽ ഇപ്പോൾ തന്നെ ചേരൂ.
Share This Article
Leave a Comment