മൂന്നാർ: മലയിടിച്ചിൽ ഭീഷണിയെ തുടർന്ന് ദേശീയപാതയിൽ ഏർപ്പെടുത്തിയ ഗതാഗത നിയന്ത്രണം മൂന്നാർ മേഖലയിൽ രൂക്ഷമായ ഗതാഗതക്കുരുക്കിന് കാരണമായി. ശനിയാഴ്ച വൈകുന്നേരം മുതൽ സ്ഥിതി കൂടുതൽ സങ്കീർണമാകുകയും വാഹനയാത്രക്കാർ മണിക്കൂറുകളോളം റോഡിൽ കുടുങ്ങുകയും ചെയ്തു.
ദേശീയപാത വികസന പ്രവർത്തനങ്ങൾ നടക്കുന്ന സി.എസ്.ഐ. പള്ളിക്ക് സമീപമുള്ള പ്രദേശത്ത് ഭൂമിയിൽ വലിയ വിള്ളൽ രൂപപ്പെട്ടതോടെയാണ് മലയിടിച്ചിൽ സാധ്യത ഉയർന്നത്. ഇതിന്റെ പശ്ചാത്തലത്തിൽ അധികൃതർ സുജാത ഇൻ മുതൽ ആർ.ഒ. കവല വരെയുള്ള ദേശീയപാത ഭാഗത്ത് ഗതാഗതം താൽക്കാലികമായി നിരോധിച്ചു.
തുടർന്ന് വാഹനങ്ങൾ ബൈപാസ് റോഡ് വഴി മൂന്നാർ ടൗണിലേക്ക് തിരിച്ചുവിട്ടെങ്കിലും, പൊലീസ് സ്റ്റേഷനു സമീപത്തെ ഇടുങ്ങിയ പാലത്തിലൂടെ ഒരു നിരയായി മാത്രം വാഹനങ്ങൾ കടത്തിവിടാൻ സാധിച്ചതോടെ ടൗൺ, മാട്ടുപ്പെട്ടി റോഡ്, മറയൂർ റോഡ് ഉൾപ്പെടെയുള്ള മേഖലകളിൽ വൻ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു.
ബൈപാസ് റോഡിൽ നിന്ന് ടൗണിലേക്കുള്ള ഏകദേശം ഒരു കിലോമീറ്റർ ദൂരം പിന്നിടാൻ രണ്ട് മണിക്കൂറിലധികം സമയം വേണ്ടിവന്നതായി യാത്രക്കാർ പറഞ്ഞു.
അതേസമയം, ജില്ലാ ദുരന്തനിവാരണ വിഭാഗം ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർ സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി. ഭൂമിയിലെ വിള്ളൽ മുൻദിവസത്തേക്കാൾ കൂടുതൽ വ്യാപിച്ചതായി കണ്ടെത്തിയിട്ടുണ്ട്. തുടർന്നുള്ള ദിവസങ്ങളിൽ ശക്തമായ മഴ ലഭിച്ചാൽ മലയിടിച്ചിലിന് സാധ്യത വർധിക്കുമെന്ന ആശങ്കയാണ് അധികൃതർ പങ്കുവയ്ക്കുന്നത്.
അപകടസാധ്യത കണക്കിലെടുത്ത് സി.എസ്.ഐ. പള്ളിക്ക് സമീപമുള്ള കെട്ടിടങ്ങളിൽ താമസിച്ചിരുന്നവരെ നേരത്തേ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റിയിട്ടുണ്ട്. പ്രദേശത്ത് നിരീക്ഷണം ശക്തമാക്കിയിരിക്കുകയാണ് അധികൃതർ.



