മൂന്നാർ വീണ്ടും കുരുക്കിൽ; ഒരു തീരുമാനം പോലും നടപ്പാക്കിയില്ല

1 Min Read

മൂന്നാർ∙ മൂന്നാറിലെ ഗതാഗതക്കുരുക്ക് പരിഹരിക്കാൻ എടുത്ത തീരുമാനങ്ങൾ നടപ്പിലാക്കാൻ വിവിധ വകുപ്പുകൾക്ക് അനുവദിച്ച സമയം ഇന്നലെ അവസാനിച്ചു. എംഎൽഎ, സബ് കലക്ടർ എന്നിവരുടെ നേതൃത്വത്തിലുള്ള ഉന്നതതല യോഗ തീരുമാനങ്ങളും സർവകക്ഷി യോഗ തീരുമാനങ്ങളും പതിറ്റാണ്ടുകളായി തുടരുന്ന ഗതാഗത ഉപദേശക സമിതി യോഗത്തിന് സമാനമായി വീണ്ടും പ്രഹസനമായി മാറി. കഴിഞ്ഞ ജൂൺ 10നാണ് ദേവികുളം ആർഡിഒ ഓഫിസിൽ വച്ച് 14 ഇന നിർദേശങ്ങൾ മൂന്നാറിലും പരിസരങ്ങളിലും കർശനമായി നടപ്പാക്കാൻ തീരുമാനിച്ചത്.

ജൂൺ 15 മുതൽ 30 വരെയുള്ള ദിവസങ്ങളിൽ തീരുമാനങ്ങൾ നടപ്പാക്കാനാണ് എഫ്. രാജാ എംഎൽഎയുടെ നേതൃത്വത്തിൽ നടന്ന യോഗത്തിൽ തീരുമാനിച്ചിരുന്നത്. യോഗത്തിലെടുത്ത തീരുമാനങ്ങളും പരിഷ്കാരങ്ങളും സംബന്ധിച്ച് 19 ന് മൂന്നാറിൽ വിളിച്ചു ചേർത്ത വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കളുടെ യോഗത്തിലും വിശദീകരിച്ച് അനുമതി തേടിയിരുന്നു.  

ആർഡിഒ ഓഫിസിൽ നടന്ന യോഗത്തിൽ സബ് കലക്ടർ വി. തഹസിൽദാർ, മൂന്നാർ, ദേവികുളം, മറയൂർ പഞ്ചായത്ത് പ്രസിഡന്റുമാർ, പൊലീസ്, മോട്ടർ വാഹന വകുപ്പ്, വനം വകുപ്പ്, പൊതുമരാമത്ത്, ദേശീയപാത വകുപ്പ് മേധാവിമാർ, ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തിരുന്നു. ഓരോ തീരുമാനങ്ങളും പൊലീസ് സംരക്ഷണയിൽ 30 ന് മുൻപ് നടപ്പാക്കാൻ ഓരോ വകുപ്പുകൾക്കും ചുമതല നൽകിയിരുന്നു. എന്നാൽ ഉന്നതല യോഗത്തിലെടുത്ത ഒരു തീരുമാനം പോലും സമയപരിധിക്കുള്ളിൽ നടപ്പാക്കാൻ കഴിഞ്ഞില്ല. തീരുമാനങ്ങൾ നടപ്പാക്കുന്നത് ചില രാഷ്ട്രീയ നേതാക്കളിടപെട്ട് അട്ടിമറിച്ചതായാണ് ആരോപണം.

Share This Article
Leave a Comment