അടിമാലി: ബസ് സ്റ്റാൻഡിൽ മദ്യലഹരിയിൽ എത്തി ജനങ്ങൾക്കുമുന്നിൽ അസഭ്യമായി പെരുമാറിയ യുവാവിനെ നിയന്ത്രിക്കാൻ പൊലീസ് പെപ്പർ സ്പ്രേ പ്രയോഗിച്ചു. സ്ത്രീകളും കുട്ടികളും ഉൾപ്പെടെ നിരവധി പേർ സ്ഥലത്തുണ്ടായിരുന്നതിനാൽ സംഭവം ആശങ്കയ്ക്ക് ഇടയാക്കി.
വ്യാഴാഴ്ച വൈകുന്നേരമാണ് സംഭവം നടന്നത്. മച്ചിപ്ലാവിൽ താമസിക്കുന്ന മാങ്കുളം താളുംകണ്ടം സ്വദേശിയായ യുവാവാണ് ബസ് സ്റ്റാൻഡിൽ പ്രശ്നങ്ങൾ സൃഷ്ടിച്ചതെന്നാണ് വിവരം.
ട്രാഫിക് പൊലീസ് സ്ഥലത്തെത്തി ഇടപെട്ടെങ്കിലും യുവാവ് ശാന്തനാകാതെ പൊലീസിനോടും അസഭ്യമായി പെരുമാറി. ചാറ്റൽമഴ തുടരുന്നതിനിടയിലും പൊലീസ് വാഹനത്തിന് സമീപം ചുറ്റിനടന്ന് മോശം ഭാഷയിൽ സംസാരിച്ചതായും റിപ്പോർട്ടുണ്ട്.
സ്ഥിതി നിയന്ത്രണാതീതമാകുന്നതോടെ പൊലീസ് കൈവശമുണ്ടായിരുന്ന പെപ്പർ സ്പ്രേ ഉപയോഗിച്ചു. തുടർന്ന് യുവാവ് മുഖം പൊത്തി സമീപത്തെ കടത്തിണ്ണയിൽ ഇരിക്കുകയായിരുന്നു. ഏകദേശം അരമണിക്കൂറിന് ശേഷമാണ് ഇയാൾ അവിടെനിന്ന് മടങ്ങിയത്.
സംഭവവുമായി ബന്ധപ്പെട്ട് ഔദ്യോഗിക പരാതി ലഭിച്ചിട്ടില്ലെന്ന് അടിമാലി പൊലീസ് അറിയിച്ചു.
പ്രദേശത്ത് മദ്യലഹരിയിൽ എത്തി പതിവായി പ്രശ്നമുണ്ടാക്കുന്നയാളാണ് യുവാവെന്നാണ് നാട്ടുകാർ പറയുന്നത്. ആളുകൾ കൂടുതലായി കൂടുന്ന ഇടങ്ങളിൽ എത്തി അസഭ്യമായി പെരുമാറുന്നത് പതിവാണെന്നും, ഇതിനു മുമ്പും പൊലീസ് പലതവണ മുന്നറിയിപ്പ് നൽകിയതായും വിവരം.
പെപ്പർ സ്പ്രേ പ്രയോഗിച്ച ശേഷവും പിന്നീട് വീണ്ടും ബസ് സ്റ്റാൻഡിൽ എത്തി അസഭ്യ പെരുമാറ്റം ആവർത്തിച്ചതായും നാട്ടുകാർ പറയുന്നു. ഏറെ നേരത്തിനു ശേഷമാണ് ഇയാൾ സ്ഥലം വിട്ടത്.



