അടിമാലി ബസ് സ്റ്റാൻഡിൽ കുണ്ടും കുഴിയും; ചെളിക്കുളമായി റോഡ്, ചേമ്പ് നട്ട് ബസ് തൊഴിലാളികളുടെ പ്രതിഷേധം

1 Min Read

അടിമാലി: അടിമാലി പ്രൈവറ്റ് ബസ് സ്റ്റാൻഡിലേക്കുള്ള റോഡിലെ ദയനീയാവസ്ഥയ്‌ക്കെതിരെ സ്വകാര്യ ബസ് തൊഴിലാളികൾ വ്യത്യസ്ത പ്രതിഷേധവുമായി രംഗത്തെത്തി. റോഡിലെ കുഴിയിൽ ചേമ്പ് നട്ടാണ് ശനിയാഴ്ച തൊഴിലാളികൾ പ്രതിഷേധം രേഖപ്പെടുത്തിയത്.

അടിമാലി ഗ്രാമപഞ്ചായത്ത് ഓടകൾ ശുചീകരിക്കുന്നതിനായി ഒരാഴ്ച മുമ്പ് ഓടയുടെ സ്ലാബുകൾ നീക്കം ചെയ്തിരുന്നു. ഈ പ്രവൃത്തിക്കിടെ റോഡിന്റെ ടാർ ഇളകി വലിയ കുണ്ടും കുഴികളും രൂപപ്പെടുകയായിരുന്നു. പിന്നീട് സ്ലാബുകൾ തിരികെ സ്ഥാപിച്ചെങ്കിലും റോഡ് പുനരുദ്ധരിക്കാത്തതിനാൽ പ്രശ്നം കൂടുതൽ രൂക്ഷമായി.

റോഡിന്റെ ഒരു ഭാഗത്ത് ഗതാഗതം നിയന്ത്രിക്കേണ്ട സാഹചര്യമുണ്ടായതോടെ വാഹനങ്ങൾക്കും കാൽനട യാത്രക്കാർക്കും ഒരുപോലെ ബുദ്ധിമുട്ട് നേരിടുകയാണ്. മഴയെ തുടർന്ന് കുഴികളിൽ വെള്ളവും ചെളിയും നിറഞ്ഞതിനാൽ വാഹനങ്ങൾ കുടുങ്ങുന്നതും യാത്രക്കാർ വഴുതി വീണ് പരിക്കേൽക്കുന്നതും പതിവായിരിക്കുകയാണ്.

ഓടയുടെ ഭാഗങ്ങൾ പൂർണമായി മൂടാത്തതിനാൽ പ്രദേശത്ത് ദുർഗന്ധവും വ്യാപകമായി അനുഭവപ്പെടുന്നതായി നാട്ടുകാർ പരാതിപ്പെടുന്നു. ഇതുമൂലം വ്യാപാര സ്ഥാപനങ്ങളുടെ പ്രവർത്തനത്തെയും പ്രതികൂലമായി ബാധിച്ചിട്ടുണ്ടെന്നും ചില വ്യാപാരികൾ കടകൾ അടച്ചിടേണ്ട സാഹചര്യമുണ്ടായതായും പറയുന്നു.

റോഡിന്റെ ശോചനീയാവസ്ഥയ്ക്ക് അടിയന്തര പരിഹാരം കാണണമെന്നും ബസ് സ്റ്റാൻഡിലേക്കുള്ള യാത്ര സുരക്ഷിതമാക്കണമെന്നും ആവശ്യപ്പെട്ടാണ് സ്വകാര്യ ബസ് തൊഴിലാളികൾ പ്രതിഷേധം സംഘടിപ്പിച്ചത്. പ്രദേശവാസികളും വ്യാപാരികളും അധികൃതർ ഉടൻ ഇടപെട്ട് റോഡ് പൂർണമായും നവീകരിക്കണമെന്ന ആവശ്യം ശക്തമാക്കിയിരിക്കുകയാണ്.


Get Latest News Updates – Join Our WhatsApp Group

പുതിയ വാർത്തകളും അപ്‌ഡേറ്റുകളും ലഭിക്കാൻ ഇടുക്കി ലൗഡ് ന്യൂസ്‌ WhatsApp ഗ്രൂപ്പിൽ ഇപ്പോൾ തന്നെ ചേരൂ.
Share This Article
Leave a Comment