മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് താഴ്ന്നു

1 Min Read
File image

// മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 112 അടിയിലേക്ക് താഴ്ന്നതോടെ തമിഴ്നാട്ടിലെ നെൽ‍ക്കർഷകർ ആശങ്കയിൽ. എല്ലാ വർഷവും ജൂൺ ആദ്യവാരം മുല്ലപ്പെരിയാർ അണക്കെട്ടിൽ നിന്നുള്ള വെള്ളം തേനി ജില്ലയിലെ കൃഷിക്കായി തുറന്നുവിടാറുണ്ട്. എന്നാൽ ഇത്തവണ കാലവർഷം ചതിച്ചതോടെ എന്നു ഷട്ടർ തുറക്കാൻ കഴിയുമെന്ന് പറയാനാവാത്ത അവസ്ഥയാണ്. തേനി ജില്ലയിൽ 14,707 ഏക്കർ സ്ഥലത്തെ നെൽക്കൃഷിയാണ് ഇതോടെ പ്രതിസന്ധിയിലായിരിക്കുന്നത്.

ജൂണിൽ അണക്കെട്ടിൽ നിന്ന് വെള്ളം ലഭിക്കും എന്ന കണക്കുകൂട്ടലിൽ‍ നിലം ഒരുക്കി ഞാറു തയാറാക്കി കാത്തിരിക്കുന്ന കർഷകർ ഒട്ടേറെയാണ്. സെക്കൻഡിൽ 57 ഘനയടി വെള്ളം മാത്രമാണ് ഇപ്പോൾ മുല്ലപ്പെരിയാർ അണക്കെട്ടിലേക്ക് ഒഴുകിയെത്തുന്നത്. ശുദ്ധജലവിതരണത്തിനായി തമിഴ്നാട് സെക്കൻഡിൽ 337 ഘനയടി വെള്ളം കൊണ്ടുപോകുന്നുണ്ട്. മഴ തീരെ ദുർബലമായതിനാൽ ദിനംതോറും ജലനിരപ്പ് താഴുകയാണ്. മേയ് 5ന് ജലനിരപ്പ് 110.10 അടിയായി താഴ്ന്നിരുന്നു, ഇടയ്ക്ക് മഴ ലഭിച്ചതോടെ ജൂൺ 15ന് ജലനിരപ്പ് 113.80 അടിയായി ഉയർന്നു. എന്നാൽ പിന്നീട് മഴ ലഭിക്കാതെ വന്നതോടെ ജലനിരപ്പ് താഴുകയാണ് ചെയ്തത്. ബുധനാഴ്ച 112.10 അടി വെള്ളമാണ് അണക്കെട്ടിൽ ഉള്ളത്. കഴിഞ്ഞ വർഷം ഇതേ ദിവസം 136.40 അടിയായിരുന്നു ജലനിരപ്പ്.


Get Latest News Updates – Join Our WhatsApp Group

പുതിയ വാർത്തകളും അപ്‌ഡേറ്റുകളും ലഭിക്കാൻ ഇടുക്കി ലൗഡ് ന്യൂസ്‌ WhatsApp ഗ്രൂപ്പിൽ ഇപ്പോൾ തന്നെ ചേരൂ.
Share This Article
Leave a Comment